കറുകച്ചാൽ: നിയന്ത്രണംവിട്ട കാർ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തിയശേഷം മറ്റൊരു കാറിലിടിച്ചു നിന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ വാഴൂർ റോഡിൽ ചൂളപ്പടിക്കു സമീപമായിരുന്നു അപകടം. തോട്ടയ്ക്കാട് സ്വദേശിനി ആശാ വർഗീസ് (43)നാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാരും പൊലിസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെത്തല്ലൂർ ഭാഗത്തുനിന്നും സ്കൂട്ടറിലെത്തിയ ആശ എതിർവശത്തെ കടയിൽനിന്നും മീൻ വാങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. കറുകച്ചാലിൽ നിന്നും വാഴൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇവരെ ഇടിക്കുകയായിരുന്നു. അപകടം ഒഴിവാക്കാനായി ഡ്രൈവർ കാർ വെട്ടിച്ചപ്പോൾ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ചാണ് വാഹനം നിന്നത്. സാരമായി പരിക്കേറ്റതിനാൽ ആശയെ കോട്ടയത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.